ന്യൂഡൽഹി: മധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിൽ അമ്മക്കടുവയും നാലു കുഞ്ഞുങ്ങളും ചത്തു. വൈറസ് രോഗബാധയാകാം കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സർഹിയിലെ കടുവ സങ്കേതത്തിനുള്ളിൽ 10 വയസുള്ള ടി-141 എന്ന പെണ്‍കടുവയും ഒരു വയസുള്ള നാല് കുഞ്ഞുങ്ങളുമാണു ചത്തത്. ’കനൈൻ ഡിസ്റ്റെന്പർ വൈറസ്’ (സിഡിവി) എന്ന അണുബാധയാണു മരണകാരണമെന്ന് സംശയിക്കുന്നതായി ജഡം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. സംഭവത്തെത്തുടർന്ന് കാട്ടിലെ മറ്റു കടുവകളെ നിരീക്ഷിക്കുന്നുണ്ട്.
നാലു ദിവസത്തിനിടെയാണ് മൂന്നു കടുവക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തിയത്. കടുത്ത ശ്വസന ബുദ്ധിമുട്ടിനെത്തുടർന്ന് അമ്മക്കടുവയെ ക്വാറന്റൈനിലേക്കു മാറ്റിയിരുന്നു.
എന്നാൽ ചികിത്സയ്ക്കിടെ ചത്തു. ശ്വാസകോശ സംബന്ധമായ തകരാറും ദഹനനാളത്തിലെ അണുബാധയുമാണ് കടുവയുടെയും കുഞ്ഞുങ്ങളുടെയും മരണകാരണമെന്നു കണ്ടെത്തിയതായി കൻഹ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് കുമാർ വർമ പറഞ്ഞു.
പ്രതിരോധനടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ എൽ. കൃഷ്ണമൂർത്തി പറഞ്ഞു. കടുവകളെ ചത്തനിലയിൽ കണ്ടത്തിയ പ്രദേശം അണുവിമുക്തമാക്കിയിട്ടുണ്ട്.
മുൻകരുതലായി സമീപ സ്രോതസുകളിൽനിന്നുള്ള ജലസാന്പിളുകൾ ശേഖരിക്കുന്നുണ്ട്. ശ്വാസകോശ അണുബാധയുടെ സാധ്യതയാണ് മൃഗഡോക്ടർമാർ വിലയിരുത്തിയത്.
സാംപിളുകൾ സ്ഥിരീകരണത്തിനായി അയച്ചിട്ടുണ്ട് കഴിഞ്ഞ 21 ന് ആദ്യത്തെ കടുവക്കുട്ടി ചത്തിരുന്നു. 24ന് രണ്ടാമത്തെ കുഞ്ഞിനെ അഴുകിയനിലയിൽ കണ്ടെത്തി.
25ന് മൂന്നാമത്തെ കുഞ്ഞിനെയും ചത്തനിലയിൽ കണ്ടെത്തി. പട്ടിണിയാണു മരണകാരണമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. അമ്മയില്ലാതെ കുഞ്ഞുങ്ങൾക്കു വേട്ടയാടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.